No edit permissions for മലയാളം

അദ്ധ്യായം ഏഴ്‌

ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 1:    ശ്രീ ഭഗവാൻ പറഞ്ഞു: ഹേ കുന്തീപുത്രാ, എന്നെക്കുറിച്ചുള്ള പൂർണ്ണബോധത്തോടെ എന്നിൽ ആസക്തമായ മനസ്സോടുകൂടി യോഗം പരിശീലിക്കുന്നതുകൊണ്ട് സംശയങ്ങൾ നീങ്ങി, എന്നെ പൂർണ്ണമായി അറിയാൻ കഴിയുന്നതെങ്ങനെയെന്ന് പറയാം; കേൾക്കൂ.

ശ്ലോകം 2:    വൈഷയികജ്ഞാനത്തേയും അതീന്ദ്രിയജ്ഞാനത്തേയും ഞാൻ ഇനി പൂർണ്ണമായി വിശദീകരിച്ചു തരാം. അതറിഞ്ഞാൽപ്പിന്നെ നിനക്ക് വേറെ ഒന്നും അറിയേണ്ടതായിട്ടില്ല.

ശ്ലോകം 3:     ആയിരക്കണക്കിനാളുകളിൽ ചിലപ്പോൾ ഒരാൾ പൂർണ്ണത നേടാനുദ്യമിച്ചേയ്ക്കാം. അങ്ങനെ പൂർണ്ണത നേടിയവരിലും ഒന്നിലേറെപ്പേർ എന്നെ തികച്ചും അറിയുന്നതുമില്ല.

ശ്ലോകം 4:     എന്റെ ഭിന്നമായ ഭൗതികപ്രകൃതി ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, മിഥ്യാഹങ്കാരം എന്നിങ്ങനെ എട്ടെണ്ണമടങ്ങുന്നതാണ്.

ശ്ലോകം 5:    ഇവയ്ക്കു പുറമേ, ഹേ മഹാബാഹുവായ അർജുനാ, എനിക്ക് മറ്റൊരുത്കൃഷ്ടശക്തികൂടിയുണ്ട്. ഈ താഴ്സന്നതരം ഭൗതികപ്രകൃതിയുടെ വിഭവങ്ങളെ ചൂഷണംചെയ്യുന്ന ജീവഗണങ്ങളാണത്.

ശ്ലോകം 6:     സൃഷ്ടിയിലെ എല്ലാറ്റിന്റേയും ഉറവിടം ഈ രണ്ടു ശക്തികളാണ്. ആദ്ധ്യാത്മികവും ഭൗതികവുമായി ഇവിടെയുള്ള എല്ലാറ്റിന്റേയും ഉദ്ഭവവും വിനാശവും ഞാൻ തന്നെയെന്ന് നിശ്ചയമായും അറിയുക.

ശ്ലോകം 7:     ഹേ ധനഞ്ജയാ, എന്നേക്കാൾ ശ്രേഷ്ഠമായൊരു സത്യമില്ല. മുത്തുകൾ നൂലിൻമേലെന്നപ്പോലെ സർവ്വവും എന്നിൽ ഇണക്കികോർക്കപ്പെട്ടിരിക്കുന്നു.

ശ്ലോകം 8:    ഹേ കുന്തീപുത്രാ, ജലത്തിലെ രസവും, സൂര്യചന്ദ്രന്മാരിലെ പ്രകാശവും, വേദമന്ത്രങ്ങളിലെ പ്രണവവും, ആകാശത്തിലെ ശബ്ദവും പു രുഷന്റെ പൗരുഷവും ഞാനാകുന്നു.

ശ്ലോകം 9:     ഭൂമിയിൽ പുണ്യഗന്ധമായും, തീയിലെ ചൂടായും ജീവജാലങ്ങളിലെല്ലാം ജീവനായും തപസ്വികളിൽ തപസ്സായും കുടികൊള്ളുന്നത് ഞാൻ തന്നെ.

ശ്ലോകം 10:    ഹേ കുന്തീപുത്രാ, സർവ്വ ജീവജാലങ്ങളുടേയും ആദിബീജം ഞാനാണെന്ന് നീ അറിയണം. ബുദ്ധിമാന്മാരുടെ ബുദ്ധിയും ശക്തിയും തേജസ്വികളുടെ തേജസ്സും ഞാൻ തന്നെ.

ശ്ലോകം 11:    അല്ലയോ ഭരതർഷഭാ, ഞാനാണ് ബലവാന്മാരുടെ, കാമരാഗവിവർജ്ജിതമായ ബലം; ധർമ്മവിരുദ്ധമല്ലാത്ത ലൈംഗികജീവിതവും ഞാൻ തന്നെ.

ശ്ലോകം 12:    സാത്ത്വികങ്ങളും രാജസങ്ങളും താമസങ്ങളുമായ എല്ലാ അവസ്ഥകളും എന്റെ ശക്തിയുടെ ബഹിഃസ്ഫുരണങ്ങളാണ്. ഒരർത്ഥത്തിൽ അവയെല്ലാം ഞാൻ തന്നെ, എങ്കിലും ഞാൻ അവയ്ക്ക് അധീനനല്ല. ഞാൻ ഭൗതികഗുണങ്ങൾക്കധീനനല്ല, മറിച്ച് അവയെല്ലാം എന്നിൽ നിലകൊള്ളുന്നു.

ശ്ലോകം 13:    തിഗുണങ്ങളാൽ (സത്ത്വം, രജസ്സ്, തമസ്സ്) വ്യാമോഹിതമായ ഈ ലോകം ഇവയ്ക്കതീതനും അവ്യയനുമായ എന്നെ അറിയുന്നില്ല.

ശ്ലോകം 14:   മൂന്ന് പ്രകൃതിഗുണങ്ങളടങ്ങിയ എന്റെ ദിവ്യശക്തിയെ അതിജീവിക്കുക എളുപ്പമല്ല. എന്നാൽ എനിക്കായി സ്വയം സമർപ്പിക്കുന്നവർക്ക് അത് നിഷ്പ്രയാസം സാധിക്കും.

ശ്ലോകം 15:   ദുഷ്കൃതരായ മൂഢന്മാരും മനുഷ്യാധമന്മാരും മായയാലപഹരിക്കപ്പെട്ട ജ്ഞാനത്തോടു കൂടിയവരും നിരീശ്വരരുമായ അസുരന്മാർ എന്നെ ശരണം പ്രാപിക്കുന്നില്ല.

TEXT 16:   ഹേ ഭരതകുലശ്രേഷ്ഠാ, സുകൃതികളായ നാലു കൂട്ടരാണ് എന്നെ ഭജിക്കുന്നത്. ദുഃഖിതൻ, ധനകാംക്ഷി, ജിജ്ഞാസു. പരമസത്യത്തെ അന്വേഷിക്കുന്ന ജ്ഞാനി.

TEXT 17:   ജ്ഞാനസഹിതമായ ശുദ്ധ ഭക്തിയുതസേവനനിരതനായിരിക്കുന്നവനാണ് ഇവരിൽവെച്ച് ഉത്തമൻ. അയാൾക്ക് ഞാൻ ഏറ്റവും പ്രിയ പ്പെട്ടവനാണ്, അയാൾ എനിക്കും.

ശ്ലോകം 18:    ഈ ഭക്തന്മാരെല്ലാം മഹാത്മാക്കൾ തന്നെ എന്നതിന് സംശയമില്ല. എന്നാൽ ആരാണോ എന്റെ തത്ത്വത്തെ ഗ്രഹിക്കുന്നത്, അയാളെ എന്നിൽ നിന്ന് അന്യനായി ഞാൻ കരുതുന്നില്ല. അയാൾ എന്റെ ദിവ്യ സേവനത്തിലേർപ്പെട്ടിരിക്കുകയാൽ സർവ്വോന്നതവും പരിപൂർണ്ണവുമായ ആത്യന്തികലക്ഷ്യത്തിൽ നിശ്ചയമായും എത്തിച്ചേരും.

ശ്ലോകം 19:   അസംഖ്യം ജനനമരണങ്ങൾക്കുശേഷം ജ്ഞാനവാനായ വ്യക്തി സർവ്വജ്ഞനാണ്. കാരണങ്ങൾക്കും കാരണഭൂതനും സർവ്വവ്യാപിയുമെന്ന് മനസ്സിലാക്കി എന്നെ അവർ ശരണംപ്രാപിക്കുന്നു. അപ്രകാ രമുള്ള മഹാത്മാക്കൾ വളരെ വിരളമാണ്.

ശ്ലോകം 20:     ഭൗതികാഭിലാഷങ്ങളാൽ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവർ ദേവന്മാരെ ശരണംപ്രാപിക്കുന്നു. പ്രത്യേക നിയമങ്ങളും നിബന്ധനകളുമനുസരിച്ച് അവർ സ്വപ്രകൃതിയാൽ ദേവന്മാരെ ആരാധി ക്കുന്നു.

ശ്ലോകം 21:     ഞാൻ പരമാത്മരൂപേണ സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്നു. ഏതു ദേവതയെ ആരാധിക്കാനാഗ്രഹിക്കുന്നുവോ ആ പ്രത്യേക മൂർത്തിയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കത്തക്കവിധം ഒരാളുടെ വിശ്വാസം ഉറപ്പിക്കുന്നത് ഞാനാണ്.

ശ്ലോകം 22:    അങ്ങനെ വിശ്വാസമുറച്ച് ഒരു ദേവനെ ആരാധിക്കാൻ മുതിരുന്ന വ്യക്തിക്ക് താൻ ഇച്ഛിക്കുന്നത് കൈവരും. വാസ്തവത്തിൽ ഈ അഭീഷ്ടം നിറവേറ്റുന്നത് ഞാൻ തന്നെ.

ശ്ലോകം 23:   മൂഢന്മാരാണ് ദേവന്മാരെ ആരാധിക്കുന്നത്. അവർക്ക് കിട്ടുന്ന ഫലമാകട്ടെ, തുച്ഛവും ക്ഷണികവുമത്രേ. ദേവന്മാരെ പൂജിക്കുന്നവർ ആ ദേവന്മാരുടെ ലോകങ്ങളിലെത്തും; എന്റെ ഭക്തന്മാരാകട്ടെ, പരമോന്നതമായ എന്റെ ധാമത്തിലെത്തിച്ചേരുന്നു.

ശ്ലോകം 24:    പരമദിവേ്യാത്തമപുരുഷനായ ഞാൻ (കൃഷ്ണൻ) ഒരിക്കൽ അവ്യക്തിഗതനായിരുന്നുവെന്നും പിന്നീടാണ് വ്യക്തിയായതെന്നും, എന്നെ മനസ്സിലാക്കാത്ത മന്ദബുദ്ധികൾ കരുതുന്നു. അക്ഷയവും അത്യുന്നതവുമായ എന്റെ ഉത്കൃഷ്ട സ്വഭാവത്തെപ്പറ്റി അല്പജ്ഞാനികൾക്കറിഞ്ഞതുകൂടാ.

ശ്ലോകം 25:     ബുദ്ധിയില്ലാത്തവർക്കും, മൂഢന്മാർക്കും ഞാൻ ഒരിക്കലും പ്രത്യക്ഷനാവില്ല. യോഗമായയെന്ന എന്റെ അന്തരംഗശക്തി അവരിൽ നിന്ന് എന്നെ മറച്ചുവെയ്ക്കുന്നു. തന്മൂലം അജനും അവ്യയനുമാണ് ഞാനെന്ന് അവർ അറിയുന്നതുമില്ല.

ശ്ലോകം 26:    ഹേ അർജുനാ, പരമപുരുഷനായ എനിക്ക് പണ്ടുണ്ടായതും, ഇന്ന് സംഭവിക്കുന്നതും, മേലിൽ വരാൻ പോകുന്നതുമായ എല്ലാം അറിയാം. എല്ലാ ജീവാത്മാക്കളും എനിക്ക് സുപരിചിതരാണ്. പക്ഷേ എന്നെ ആർക്കും അറിയാൻ വയ്യ.

ശ്ലോകം 27:    ഹേ ശത്രുഞ്ജയനായ ഭാരതാ, എല്ലാ ജീവജാലങ്ങളും ജനനം മുതൽക്കേ രാഗദ്വേഷങ്ങളാകുന്ന ദ്വന്ദ്വങ്ങളാൽ വ്യാമോഹിതരാകുന്നു.

ശ്ലോകം 28:    പൂർവ്വജന്മങ്ങളിലും ഈ ജന്മത്തിലും പുണ്യകർമ്മങ്ങൾചെയ്തിട്ടുള്ളവർ അവരുടെ പാപഫലങ്ങൾ നിർമ്മാർജ്ജനംചെയ്ത് ദ്വന്ദ്വവ്യാമോഹങ്ങളിൽ നിന്ന് വിമുക്തരാകുന്നു. അങ്ങനെ അവർ ദൃഢനിശ്ചയത്തോടെ എന്റെ സേവനത്തിൽ മുഴുകും.

ശ്ലോകം 29:    വാർദ്ധക്യത്തിൽ നിന്നും മൃത്യുവിൽ നിന്നും മോചനം നേടാൻ പ്രയത്നിക്കുന്ന ബുദ്ധിമാന്മാർ ഭക്തിഭരിതമായ സേവനത്താൽ എന്നെ ആശ്രയിക്കുന്നു. ആദ്ധ്യാത്മിക പ്രവർത്തനങ്ങളെപ്പറ്റി പൂർണ്ണജ്ഞാനമുള്ള അവർ വാസ്തവത്തിൽ ബ്രഹ്മം തന്നെ.

ശ്ലോകം 30:   എന്നെ അറിയുകയും എപ്പോഴും എന്നെക്കുറിച്ചുള്ള ബോധം പുലർത്തുകയുംചെയ്യുന്നവർ, ഭൗതികപ്രപഞ്ചങ്ങളുടേയും ദേവന്മാരുടേയും സർവ്വയജ്ഞങ്ങളുടേയും നിയന്താവായ ഭഗവാനാണ് ഞാനെന്നറിയുന്നവർ, മരണസമയത്തുപോലും എന്നെ സ്മരിക്കും.

« Previous Next »